തിരുവനന്തപുരം: കോവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതി തയ്യാറായതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ റിവോൾവിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി നിയമസഭയിൽ അറിയിച്ചു. ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി.
ടൂറിസവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ-റസ്റ്റോറന്റ് ജീവനക്കാർ, റസ്റ്റോറന്റുകൾ, ആയുർവ്വേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോം സ്റ്റേ, സർവീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവരെ എല്ലാം ഉൾപ്പെടുത്തിയാണ് റിവോൾവിംഗ് ഫണ്ട് നടപ്പാക്കുക.
വിനോദ സഞ്ചാര വകുപ്പ് അംഗീകാരം / അക്രഡിറ്റേഷൻ നൽകി വരുന്ന ആയുർവേദ സെന്ററുകൾ, റസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ ടൂറിസം, ഗ്രീൻഫാം, ടൂർ ഓപ്പറേറ്റർ അക്രഡിറ്റേഷൻ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബർ 31 വരെ പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇ ചന്ദ്രശേഖരൻ, വിആർ സുനിൽ കുമാർ, പി ബാലചന്ദ്രൻ, സിസി മുകുന്ദൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
Discussion about this post