ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് വ്യാപനം പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധർ. കോവിഡ് വ്യാപനത്തിൽ കുറവുണ്ടായകാത്ത സാഹചര്യത്തിലും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന സിഎസ്ഐആർ പഠനം സംസ്ഥാനത്തിന് ആശ്വാസമാവുകയാണ്. നേരത്തെ തൊട്ട് വ്യാപനം കൂടുന്നതിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധർ സംശയിച്ചിരുന്നു.
ഇന്ത്യയിൽ ഉൾപ്പടെ കണ്ടെത്തിയ ഡെൽറ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സിഎസ്ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐജിഐബി.) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ആൻഡ് റീജണൽ ലബോറട്ടറീസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് (എംജി സർവകലാശാല), കാസർകോട് കേന്ദ്രസർവകലാശാല, 14 ജില്ലകളിലെയും സർവൈലൻസ് യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സിഎസ്ഐആർ പഠനം നടത്തുന്നത്.
ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളിൽനിന്നായി 835 സാംപിളുകൾ പരിശോധിച്ചതിൽ 753ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.
അടുത്തകാലത്തായി പെറു, ചിലി എന്നിവിടങ്ങളിലും (സി.37) യുഎസിലും (എ.വൈ.3) ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വ്യാപനശേഷിയെ കുറിച്ച് വ്യക്തതവന്നിട്ടില്ല.
Discussion about this post