ടാറ്റ വണ്ടിയുടെ സുരക്ഷിതത്വത്തെ കുറിച്ച് സ്വന്തം അനുഭവത്തില്‍ നിന്ന് പങ്കുവെച്ച് പ്രശസ്ത ഗസല്‍ ഗായിക ഇംതിയാസ് ബീഗം. ഫേസ്ബുക്കിലൂടെയാണ് അവര്‍ താന്‍ നേരിട്ട അപകടവും ഒപ്പം വാഹനത്തിന്റെ സുരക്ഷിതത്വം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ടാറ്റ ഹെക്സയില്‍ ഇംതിയാസും മകളും യാത്ര നടത്തിയത്. കോഴിക്കോട് നടന്ന ഒരു പരിപാടി കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്.
സ്വന്തം കാര്‍ സര്‍വീസിനായി കൊടുത്തിരുന്നതിനാല്‍ സുഹൃത്തിന്റെ ടാറ്റ ഹെക്സയിലാണ് മകള്‍ക്കൊപ്പം കോഴിക്കോടേക്ക് യാത്ര ചെയ്തത്. മടക്കയാത്രയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. റോഡില്‍ തിരക്ക് കുറവായതിനാല്‍ ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ മുന്നിലുണ്ടായിരുന്ന ലോറി വേഗത കൂട്ടി ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഇംതിയാസ് പറയുന്നു.
മഴയായിരുന്നത് കൊണ്ട് ബ്രേക്ക് ചെയ്ത് വാഹനം ഒതുക്കാനുള്ള ശ്രമത്തിനിടയില്‍ റോഡില്‍ നിന്ന് തെന്നി നീങ്ങുകയും ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ആ ഇടിയുടെ ആഘാതത്തില്‍ രണ്ട് മൂന്ന് തവണ കറങ്ങിയ വാഹനത്തിന്റെ പിന്‍ഭാഗം മറ്റൊരു ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായതെന്നും അവര്‍ കുറിച്ചു.
മുന്നിലെ ഗ്ലാസ് പൊട്ടിയതിനാല്‍ തന്റെ കൈയില്‍ ചെറിയ മുറിവുകള്‍ ഉണ്ടായത് മാത്രമാണ് ഈ അപകടത്തില്‍ സംഭവിച്ച പരിക്ക്. പിന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു തന്റെ മകള്‍ പൂര്‍ണ സുരക്ഷിതയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകട സ്ഥലത്ത് എത്തിയ പോലീസുകാരന്‍ പറഞ്ഞത് ടാറ്റയുടെ വാഹനമായതിനാല്‍ മാത്രം രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ നോക്കേണ്ടായിരുന്നു എന്നും പറഞ്ഞായി ഇംതിയാസ് കൂട്ടിച്ചേര്‍ത്തു.