പത്തനംതിട്ട: തര്‍ക്ക പ്രശ്നം പരിഹരിക്കാനെത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും വിരട്ടിയോടിച്ച് വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കം വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗണ്‍സിലറും. ഇരുവരെയും അമ്മാളുവാണ് വിരട്ടി ഓടിച്ചത്.
തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്ഐ രാജന് എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്.
എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകര്‍ത്തിയത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കും അമ്മാളുവിനെ കീഴടക്കാന്‍ സാധ്യമായില്ല.
അമ്മാളുവിന്റെയും രജനിയുടെയും ഭര്ത്താക്കന്മാര് മരിച്ചതാണ്. ഇതോടെയാണ്, പ്രശ്നം സംസാരിച്ച് രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ത്രീകള്‍ ആയതിനാല്‍ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ കരുതിയത്.
എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.
Discussion about this post