തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള ഒരു വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ‘ഇത്തരത്തിലുള്ള മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കില്‍ ആ അടുക്കളേല്‍ ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ ”എന്ന് ഷിംന അസീസ് പറഞ്ഞു.
‘ചിക്കന്‍ കഴിച്ച് രണ്ടാഴ്ചക്കകം വാക്സിനെടുത്താല്‍ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടു. ആരോഗ്യവകുപ്പ് (സ്പെഷ്യല്‍) ഡയറക്ടര്‍ ഗംഗാദത്തന്റെ പേരിലാണ് ഇങ്ങനൊരു മെസേജ്.ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട കേസാണ്, മൂപ്പര് ഉടന്‍ പൊങ്ങുമായിരിക്കും’ – ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചിക്കന്‍ കഴിച്ച് രണ്ടാഴ്ചക്കകം വാക്സിനെടുത്താല്‍ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ് കഴിച്ച് വാക്സിനെടുത്താലും മയ്യത്താകുമത്രേ… ആരോഗ്യവകുപ്പ് (സ്പെഷ്യല്‍) ഡയറക്ടര്‍ ഗംഗാദത്തന്റെ പേരിലാണ് ഇങ്ങനൊരു മെസേജ്. മേല്‍പ്പറഞ്ഞ ദത്തന്‍ ഈ വകുപ്പിലില്ല. മെസേജ് ഫേക്കാണ്. മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കില്‍ ആ അടുക്കളേല്‍ ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ…
ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട കേസാണ്, മൂപ്പര് ഉടന്‍ പൊങ്ങുമായിരിക്കും. ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ… വല്ലോമൊക്കെ കഴിച്ച് മനസ്സമാധാനമായിരിക്ക്, സ്ലോട്ട് സെറ്റാകുമ്പോള്‍ വാക്സിനുമെടുക്കൂ.
അമെയ്തി. നന്റ്റി.
Dr. Shimna Azeez.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുത്.