വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്രത്തില്‍ ചുമതലയേറ്റ ഈഴവ മേല്‍ശാന്തിക്കെതിരെ ജാതി അധിക്ഷേപം. ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ മുന്നില്‍ വെച്ച് ക്ഷേത്ര കലാപീഠം അധ്യാപകന്‍ മേല്‍ശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണന്‍ കോവിലില്‍ മേല്‍ശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേല്‍ ഉണ്ണി പൊന്നപ്പന് നേരെയാണ് അധിക്ഷേപം ഉണ്ടായത്. വൈക്കം ക്ഷേത്ര കലാപീഠം നാദസ്വര വിഭാഗം അധ്യാപകന്‍ ആര്‍ ഹരിഹര അയ്യര്‍ക്കെതിരെ ഉണ്ണി പൊന്നപ്പന്‍ വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.
ടിവി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പന്‍ ദേവസ്വം ബോര്‍ഡില്‍ അടുത്തിടെ നടന്ന പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് വൈക്കം കൃഷ്ണന്‍ കോവിലിലെ മേല്‍ശാന്തിയായത്.
തുടര്‍ന്ന് ചുമതലയേല്‍ക്കാനായി വെള്ളിയാഴ്ച എത്തിയപ്പോള്‍ നിലവിലെ മേല്‍ശാന്തി ചുമതല കൈമാറാതെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എത്തി പകരക്കാരനായി വന്ന ശാന്തിയില്‍ നിന്ന് ശ്രീകോവിലിന്റെ താക്കോല്‍ ഉണ്ണി പൊന്നപ്പന് വാങ്ങി നല്‍കുകയായിരുന്നു.
വൈകിട്ട് അത്താഴപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന സമയത്ത് ഹരിഹര അയ്യര്‍ ഇവിടെയെത്തി ജാതി അധിക്ഷേപം നടത്തിയെന്നും ബ്രാഹ്‌മണര്‍ മാത്രം ഇവിടെ ജോലി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജീവനക്കാരുടെയും ഭക്തരുടെയും സാന്നിധ്യത്തിലാണ് സംഭവമെന്നും പരാതിയിലുണ്ട്.
Discussion about this post