തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ ദുർബലപ്പെടുത്തുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം വാട്സ്ആപ്പിലും മറ്റും കറങ്ങിനടക്കുന്നതിനിടെ നിയമനടപടിയുമായി ആരോഗ്യവകുപ്പ്. ഈ വ്യാജ സന്ദേശത്തിന് എതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.
പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. ആരോഗ്യ വകുപ്പ് പ്രതിനിധിയാണെന്ന് അവകാശപ്പെട്ടാണ്് വാട്സ്ആപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ സ്പെഷ്യൽ ഡയറക്ടർ എന്നൊരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണ്. അതിനാൽ ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
വാക്സിൻ സ്വീകരിച്ചവർ ചിക്കൻ കഴിക്കരുത്, കാറ്ററിങ് ഉൾപ്പടെയുള്ള പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത് എന്നൊക്കെയാണ് വ്യാജസന്ദേശത്തിൽ പറയുന്നത്. ചിക്കനുൾപ്പടെയുള്ള ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നതിന് വാക്സിൻ എടുത്തവർക്ക് യാതൊരു വിലക്കുമില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
Discussion about this post