കണ്ണൂർ: കണ്ണൂർ സ്വദേശിനി മാനസയെ കൊലപ്പെടുത്താൻ രാഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാരിൽ നിന്നെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. രാഖിൽ ബിഹാറിലേക്ക് യാത്രചെയ്തെന്നും കേസിൽ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.. കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന് കുറച്ചുദിവസങ്ങൾക്ക് മുമ്പ് രാഖിലും സുഹൃത്തും ബിഹാറിൽ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറൽ എസ്പി പറഞ്ഞത്. ബിഹാറിന്റെ ഉൾപ്രദേശങ്ങളിൽ താമസിച്ചു. അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
രാഖിലിന്റെ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽനിന്നാണെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന രാഖിൽ ഒരുസുഹൃത്തിനൊപ്പമാണ് ബിഹാറിലേക്ക് പോയിരുന്നത്. രണ്ടുദിവസം സുഹൃത്തിനൊപ്പം അവിടെ യാത്രചെയ്തു. എന്നാൽ ഒരുദിവസം രാഖിൽ ഒറ്റയ്ക്ക് യാത്രചെയ്തെന്നാണ് വിവരം. ഇതിനിടെയാണ് തോക്ക് സംഘടിപ്പിച്ചതെന്നും കരുതുന്നു. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കേന്ദ്രങ്ങൾ വ്യക്തത നൽകിയിട്ടില്ല. വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് യാത്രതിരിക്കും. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ബിഹാർ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Discussion about this post