വിവാഹം കഴിക്കണം; കൊട്ടിയൂർ പീഡനക്കേസിൽ ഇരയ്ക്ക് പിന്നാലെ റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയിൽ; വിവാഹം മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ സ്ഥാനത്ത് പേര് ചേർക്കാനെന്ന് വാദം

ന്യൂഡൽഹി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിയും രംഗത്ത്. പീഡന കേസിൽ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് റോബിൻ സുപ്രീം കോടതിയിൽ ഹർജി നൽകി.

ഹർജി ജസ്റ്റിസ്മാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. നാല് വയസ്സുള്ള മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്നാണ് ഇരയുടെ വാദം. ഈ ഹർജിയും നാളെ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റിൽ സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതുപോലെയാകും. അതിനാൽ, ഈ വിഷയത്തിൽ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നിൽക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയിരുന്നത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മംനൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും ശ്രമങ്ങൾ നടന്നിരുന്നതായി ആരോപണമുണ്ട്.

കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാൽ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതി.

Exit mobile version