കൊല്ലം: 45 വര്‍ഷം മുന്‍പ് മരിച്ചെന്നു കരുതിയ ആള്‍ വീട്ടില്‍ തിരിച്ചെത്തി. വിമാനാപകടത്തില്‍ മരിച്ചെന്നു കരുതിയ ശാസ്താംകോട്ട സ്വദേശി സജാദ് തങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുംബൈയിലെ സിയാല്‍ ആശ്രമത്തില്‍ കഴിഞ്ഞു വരികയായിരുന്നു സജാദ് തങ്ങള്‍.
മരിച്ചെന്നു കരുതിയ സജാദിനെ കണ്ടതോടെ ആദ്യം ഉമ്മയും ബന്ധുക്കളും നാട്ടുകാരും അമ്പരന്നു. ശേഷം 91 വയസുള്ള ഉമ്മ ഫാത്തിമാ ബീവിയും ബന്ധുക്കളും ചേര്‍ന്നു സജാദിനെ സ്വീകരിച്ചു. ആശ്രമത്തില്‍ നിന്ന് അറിയിച്ചതനുസരിച്ച് സജാദിനെ സഹോദരങ്ങളാണു കാരാളിമുക്കിലെ വീട്ടില്‍ എത്തിച്ചത്.
ഇളയ സഹോദരന്‍ അബ്ദുല്‍ റഷീദും സഹോദര പുത്രനും ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം മുംബൈയ്ക്കു പോയിരുന്നു. മൂന്ന് പേരും വൈകീട്ട് അഞ്ച് മണിയോടെ മടങ്ങിയെത്തി. ഉമ്മ ഫാത്തിമാ ബീവി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
1971ല്‍ കപ്പല്‍ മാര്‍ഗം യുഎഇയിലേക്കു പോയ ആളാണു സജാദ് തങ്ങള്‍. പിന്നീട് 1976ല്‍ ഇന്ത്യയിലേക്കു മടങ്ങി. എന്നാല്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം യാത്രാമധ്യേ അപകടത്തില്‍ പെട്ടതോടെ 95 ആളുകള്‍ മരിച്ചു. അപകടത്തില്‍ സജാദും മരിച്ചെന്നാണു ബന്ധുക്കള്‍ കരുതിയിരുന്നത്.
ഏറെ അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. അപകടത്തിനു ശേഷം വിഷാദാവസ്ഥയിലായിരുന്ന സജാദ് രണ്ട് വര്‍ഷം മുന്‍പാണു മുംബൈ പനവേലിലെ ആശ്രമത്തിലെത്തുന്നത്.