പിറവം: തന്റെ കൈയ്യിലിരിക്കുന്ന ടിക്കറ്റിനാണ് ആറുകോടി രൂപയുടെ സമ്മാനമടിച്ചതെന്ന് അറിഞ്ഞിട്ടും ആ ടിക്കറ്റ് കൃത്യമായി പറഞ്ഞുറപ്പിച്ചയാൾക്ക് വീട്ടിൽ എത്തിച്ച് നൽകിയ സ്മിജയുടെ സത്യസന്ധതയ്ക്ക് അർഹിക്കുന്ന പ്രതിഫലം ലഭിച്ചിരിക്കുകയാണ്. പണം പിന്നീട് നൽകാമെന്ന് അറിയിച്ച് ഫോണിലൂടെ ടിക്കറ്റ് പറഞ്ഞുറപ്പിച്ചയാൾക്ക് തന്നെ ബംബർ ടിക്കറ്റ് കൈമാറിയ പിറവത്തെ സ്മിജയ്ക്ക് 51 ലക്ഷം രൂപയാണ് കമ്മിഷനായി ലഭിച്ചത്.
പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേർന്നാണ് കമ്മിഷൻ തുകയ്ക്കുളള ചെക്ക് സ്മിജയ്ക്ക് നേരിട്ട് കൈമാറിയത്. സൈനയുടെ ഉടമസ്ഥതയിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ആറുകോടിയുടെ സമ്മർ ബംബർ ടിക്കറ്റുകൾ സ്മിജ വാങ്ങി വിറ്റത്. വിറ്റുതീരാതിരുന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന പരിചയക്കാരനും പൂന്തോട്ടം പണിക്കാരനുമായ ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വാങ്ങിക്കാമോയെന്ന് ഫോണിലൂടെ സ്മിജ ചോദിച്ചിരുന്നു. പണം പിന്നെ നൽകാമെന്ന വ്യവസ്ഥയിൽ വിൽപ്പന വാക്കാൽ ഉറപ്പിച്ച് ടിക്കറ്റ് സ്മിജ തന്നെ കൈവശം വച്ചു.
ശേഷം ഈ ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞ നിമിഷം സ്മിജ ഭർത്താവുമൊത്ത് ചെന്ന് ചന്ദ്രന് തന്നെ ടിക്കറ്റ് കൈമാറുകയായിരുന്നു. ലോട്ടറി മൊത്തവിൽപ്പന ഏജൻസി നടത്തുന്ന ശശിബാലനും ഭാര്യ സൈനയ്ക്കും കമ്മീഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിച്ച് 51 ലക്ഷമാണ് സ്മിജയ്ക്ക് ഇപ്പോൾ കൈമാറിയിരിക്കുന്നത്.