തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. യാതൊരു വിധത്തിലുമുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ല, എന്നാല്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറെ അല്പസമയം മുന്‍പ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ വിളിച്ചു വിവരമറിയിക്കുകയും ചെയ്തതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍;
തുരങ്കം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാന്‍ ധാരണയായിരുന്നു. ആ ദിവസത്തിന് മുന്‍പേ തന്നെ കാര്യങ്ങളെല്ലാം ശരിയായതില്‍ സന്തോഷമുണ്ട്. തുരങ്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തര്‍ക്കത്തിനില്ല. കപ്പ് ഏറ്റെടുക്കാനുള്ള മത്സരമല്ല ഇവിടെ നടക്കുന്നത്. അടുത്ത ടണല്‍ എങ്ങനെ തുറക്കുമെന്നാണ് നമ്മള് ആലോചിക്കുന്നത്.
വെറുതെ ഇരിക്കുന്ന മന്ത്രി വി മുരളീധരന് പലതും തോന്നും. നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചര്‍ച്ച നടത്തിയത്. നമ്മള്‍ക്കിവിടെ നല്ല ജോലിയുണ്ട്. അടുത്ത ടണല്‍ തുറക്കാനാണ് നമ്മളുടെ ശ്രമം.
Discussion about this post