തിരുവനന്തപുരം: ജനനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച പഞ്ചരത്‌നങ്ങള്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും ഒറ്റപ്രസവത്തില്‍ പിറന്ന മക്കളാണ് ഉത്രജന്‍, ഉത്ര,ഉത്രജ,ഉത്തര, ഉത്തമ എന്നിവര്‍.
ഇപ്പോഴിതാ ഈ അഞ്ചു മക്കളിലെ ഒരാള്‍ അമ്മയായിരിക്കുകയാണ്. പഞ്ചരത്‌നങ്ങളില്‍ ഒരാളായ ഉത്തര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഇന്നലെയാണ് ഉത്തര തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പഞ്ചരത്‌നങ്ങളില്‍ മൂന്നാമത്തെ ആളാണ് ഉത്തര. തങ്ങള്‍ക്കിടയിലേക്ക് ആദ്യമെത്തിയ കണ്മണിയെ ഏറെ ആഘോഷത്തോടെ വരവേല്‍ക്കുകയാണ് കുടുംബം.
കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷാണ് ഉത്തരയുടെ ഭര്‍ത്താവ്. ഉത്തരയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പഞ്ചരത്‌നങ്ങളില്‍ മൂന്നു പേരുടെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചായിരുന്നു മൂന്നുപേരുടെയും താലികെട്ട്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്നീഷ്യനായ ഉത്തമയുടെ ഭര്‍ത്താവ് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് ആണ്.
ഫാഷന്‍ ഡിസൈനറായ ഉത്രയുടെ ഭര്‍ത്താവ് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ അജിത് ആണ്. കുവൈത്തില്‍ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ് അനസ്തീഷ്യാ ടെക്നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത്. കുവൈത്തില്‍ നിന്നും എത്താന്‍ സാധിക്കാത്തതിനാല്‍ ഉത്രജയുടെ വിവാഹം അന്ന് നടന്നിരുന്നില്ല.