മൂന്നാം തരംഗ സാധ്യത: ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി സര്‍ക്കാര്‍; 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഉടന്‍ സജ്ജമാകും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരളത്തില്‍ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗ സാധ്യത നിലനില്‍ക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാസൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക അവലോകന യോഗം ചേര്‍ന്നു. മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ പദ്ധതികള്‍, സിഎസ്ആര്‍. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന് മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. കോവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കോവിഡ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിന് കെഎംഎസ്‌സിഎല്‍, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Exit mobile version