തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന ആരോപണം ഉയർത്തി സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. കേരള പോലീസ് അന്വേഷണത്തിൽ സഹായിച്ചില്ലെന്നും സുമിത് കുമാർ പറഞ്ഞു. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. രാഷ്ട്രീയ ഇടപെടലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതിയുടെ പിന്തുണയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പലപ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. കേരള പോലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറുമെന്നും സുമിത് കുമാർ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുൻപും സുമിത് കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാർ പറഞ്ഞത്. മഹാരാഷ്ട്ര ഭീവണ്ടി ജിഎസ്ടി കമ്മീഷണറായാണ് സുമിത് കുമാറിന്റെ പുതിയ നിയമനം. രാജേന്ദ്ര കുമാർ പുതിയ കസ്റ്റംസ് കമ്മീഷണറാകും.