തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധികൾക്കിടയിലും ഓണത്തിന്റെ മാറ്റ് കുറയാതിരിക്കാൻ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഇത്തവണ 16 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക. ഒരു കിറ്റിന് 469.70 രൂപയാണ് വില കണക്കാക്കുന്നത്. 86 ലക്ഷം റേഷൻകാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്.
ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കാണ് ഓണക്കിറ്റ് ലഭ്യമാവുക. ഇന്നു മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡ് ഉടമകൾക്കും, ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ പിങ്ക് കാർഡ്, ഒൻപത് മുതൽ പന്ത്രണ്ട് വരെ നീല കാർഡ്, 13 മുതൽ 16 വരെ വെള്ള കാർഡ് എന്ന ക്രമത്തിലാണ് വിതരണം നടത്തുന്നത്.
സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. ഓഗസ്റ്റ് 16 വരെയാണ് വിതരണം നടത്തുക.
Discussion about this post