കൊല്ലം: കൊല്ലം ജില്ലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി മരിച്ചതിന് പിന്നാലെ വനിതാ കമ്മീഷനിൽ വരുന്ന വ്യാജ പരാതികളുടെ എണ്ണം വർധിച്ചെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ. പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീർക്കാനും വ്യാജ പരാതി വനിതാ കമ്മീഷനിൽ നൽകുന്ന സാഹചര്യമുണ്ടെന്ന് ഷാഹിദ കമാൽ കുറ്റപ്പെടുത്തി.
സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം വ്യാജ പരാതികളും വരുന്നുണ്ട്. ഇത്തരം വ്യാജ പരാതികൾ നമ്മുടെ നിയമത്തെ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കൂവെന്നും അവർ പ്രതികരിച്ചു.
വ്യാജ പരാതികൾ നൽകുന്നവരിൽ അധികവും നിയമത്തെ പറ്റി അവബോധമുള്ള സ്ത്രീകളാണ്. ജോലി സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വ്യാജ പരാതികൾ എത്തുന്നുണ്ട്. ഇതിനെല്ലാം കാരണം പെൺകുട്ടികൾ ഭാരമാണെന്ന് കരുതുന്ന മനോഭാവമാണ്. ഇതാണ് മാറേണ്ടത്. പെൺകുട്ടികൾ വീട്ടിൽ നിന്നാൽ എന്തോ അപകടമെന്ന് മട്ടിലാണ് രക്ഷിതാക്കൾ പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ അംഗം കുറ്റപ്പെടുത്തി.
പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വേണ്ടത്. പെൺകുട്ടികൾക്ക് 21 വയസ്സും ആൺകുട്ടികൾക്ക് 25 വയസ്സും വിവാഹപ്രായമാകണം. ഈ പ്രായത്തിലെ ഇവർക്ക് പക്വതയുണ്ടാകൂ. സ്വയം പ്രാപ്തരാകുന്ന ഘട്ടത്തിൽ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.
ഞാൻ എന്റെ ജീവിതം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും, അല്ലെങ്കിൽ ഞാൻ ജീവിതത്തിൽ തോറ്റാലും കുഴപ്പമില്ല മറ്റുള്ളവരെ പാഠംപഠിപ്പിക്കണം എന്ന ഒരു ചിന്ത പല പെൺകുട്ടികളുടെയും മനസ്സിൽ ഉടലെടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്. മാനസികപ്രശ്നമായി നമ്മൾ ഇത് കാണണം. സ്വന്തം ജീവൻ ബലി അർപ്പിച്ചു കൊണ്ടാകരുത് നിയമത്തിന് വേണ്ടി അല്ലെങ്കിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തേണ്ടതെന്നും ഷാഹിദ കമാൽ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post