കണ്ണൂർ: ഡെന്റൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തി രാഖിൽ ആത്മഹത്യ ചെയ്ത സംഭവം ഇരുകുടുംബങ്ങളും അറിഞ്ഞത് ടെലിവിഷനിൽ വാർത്ത വന്നതോടെ. രാഖിലിന്റെ ക്രൂരകൃത്യം ഇനിയും കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. എംബിഎ പഠനം പൂർത്തീകരിച്ച രാഖിലിന് നാട്ടിൽ ആരുമായും വലിയ സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
മാനസയും രാഖിലും കണ്ണൂർ സ്വദേശികളാണ്. മാനസ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചപ്പോൾ ഇനി ഇങ്ങനൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് രാഖിലിന്റെ മാതാപിതാക്കളും ഉറപ്പ് നൽകിയിരുന്നു.
എംബിഎ കഴിഞ്ഞ് ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോടും താമസിച്ചിരുന്നതിനാൽ ആർക്കും ദിസങ്ങളോളം മാറി നിൽക്കുന്നതിൽ അസ്വാഭാവികത തോന്നിയിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് വീട്ടിൽ അവസാനമായി വന്നത്. അന്നും രാഖിലിന്റെ പെരുമാറ്റത്തിൽ ഒരുതരത്തിലുള്ള സംശയവുമുണ്ടായിരുന്നില്ല.
മാനസയെ താമസസ്ഥലത്തെത്തി കൊലപ്പെടുത്തിയെന് വാർത്ത ടിവിയിലൂടെ പുറത്തുവന്നതോടെയാണ് രാഖിൽ കോതമംഗലത്തേക്കാണ് വന്നതെന്നും കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്നതും ബന്ധുക്കൾ അറിയുന്നത്. തോക്കുമായെത്തി പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത് രാഖിലാണെന്ന വിവരമറിഞ്ഞ് തങ്ങൾ ഞെട്ടിയെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.
മുമ്പ് സൗഹൃദത്തിലായിരുന്ന മാനസയും രാഖിലും പിന്നീട് പിരിഞ്ഞിരുന്നു. മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസിക പ്രയാസങ്ങൾ ഇല്ലെന്ന് സ്വന്തം കുടുംബത്തെ ധരിപ്പിക്കാൻ രാഖിൽ ശ്രമിച്ചിരുന്നു. മറ്റൊരു വിവാഹം ആലോചിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, രാഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി പറയുന്നു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ഇതിനിടെയ യുവാവ് ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു. രാഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്.
കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. അതേസമയം രാഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പോലീസ് പരിശോധിച്ചു വരുന്നത്.
Discussion about this post