മാനസയുടെ തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും, എക്സിറ്റ് മുറിവും: വെടിയുണ്ട പുറത്തെത്തി; രാഖില്‍ ഒരുമാസമായി മാനസ താമസിക്കുന്ന വീടിനടുത്ത് താമസമാക്കി

കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും രാഖിലും മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഖില്‍ വെടിവെച്ചത്. തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും, എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട മാനസയുടെ തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

രക്തത്തില്‍ കുളിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മാനസയ്ക്ക് ചെവിക്ക് പുറകിലും നെഞ്ചിലുമാണ് വെടിയേറ്റത്. രാഖിലിന് തലയ്ക്കാണ് വെടിയേറ്റത്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു. ബാലിസ്റ്റിക് വിദഗ്ദ്ധര്‍ തോക്ക് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റും തെളിവെടുപ്പും പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നാളെ കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും.

മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഒരാളാണ് ആശുപത്രിയിലെത്തിച്ചത്. മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ രാഖില്‍ ആദ്യഘട്ടത്തില്‍ തോക്ക് പുറത്തെടുത്തിരുന്നില്ല. രാഖിലെത്തുമ്പോള്‍ മാനസ കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.

രാഖില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിര്‍ത്തി, ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു മാനസയുടെ ആദ്യ പ്രതികരണമെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും മാനസയുടെ മുറിയില്‍ കയറിയ രാഖില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് വിവരം.

പിന്നെ തുടരെ തുടരെ വെടിയൊച്ചയാണ് പുറത്തേക്കു വരുന്നത്. ഇതോടെ അയല്‍വാസികള്‍ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനിയാണ് മാനസ. രാഖില്‍ കണ്ണൂരില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് കോതമംഗലത്ത് എത്തിയതെന്നാണ് സൂചന.

രാഖില്‍ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജിന് തൊട്ടടുത്ത് കഴിഞ്ഞ നാലാം തിയതി മുതല്‍ തന്നെ താമസിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഇവിടെ നിന്ന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് മാനസ താമസിച്ചിരുന്നത്. പ്രൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് പറഞ്ഞാണ് രാഖില്‍ മുറി വാടകയ്ക്ക് എടുത്തിരുന്നത്.

കണ്ണൂര്‍ നാറാത്ത് ടിസി ഗേറ്റിനു സമീപത്തെ ‘പാര്‍വ്വണം’ വീട്ടിലെ
വിമുക്തഭടനായ പി വി മാധവന്റെയും പുതിയ തെരു രാമഗുരു സ്‌കൂള്‍ അദ്ധ്യാപികയായ അമ്മ സബീനയുടെയും മകളാണ് മാനസ. അശ്വന്ത് സഹോദരനാണ്.

പാലയാട് മേലുര്‍ കടവിലെ രാഹുല്‍ നിവാസില്‍ താമസിക്കുന്ന രഘുത്തമന്റെ മകനാണ് രാഖില്‍ (33). രാഹുല്‍ സഹോദരനാണ്. നേരത്തെ മാനസയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ വെച്ചു ഇരു കുടുംബങ്ങളെയും വിളിച്ചു സംസാരിച്ചു വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനു ശേഷമാണ് മാനസ പഠിക്കുന്ന കോളേജിലെ പേയിങ്ഗസ്റ്റ് ഹോസ്റ്റലില്‍ രാഖില്‍ തോക്കുമായി എത്തിയത്.

Exit mobile version