പാണ്ടിക്കാട്: ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ കാരണം മൂന്ന് കടകളുടെ ഉടമയായിട്ടും ഉപജീവനത്തിന് തെരുവിൽ റംബൂട്ടാൻ വിൽക്കുകയാണ് ഈ വ്യാപാരി. കക്കുളം സ്വദേശി പി സാദിഖാണ് റംബൂട്ടാൻ പഴങ്ങളുമായി തെരുവിലിറങ്ങിയത്. പാണ്ടിക്കാട് ഒറവംപുറത്തെ തന്റെ കെൻസ ബസാർ എന്ന സ്ഥാപനത്തിന് മുന്നിലാണ് കച്ചവടം. അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാണ് തന്റേതെന്ന് സാദിഖ് പറയുന്നു. 14 വർഷത്തോളം പ്രവാസിയായിരുന്നു സാദിഖ്.
കെൻസ ബസാർ എന്ന പേരിൽ കക്കുളം, ഒറവുംപുറം, പുളിക്കൽ ഫാൻസി, തുണിത്തരങ്ങൾ, ടോയ്സ് തുടങ്ങിയ കടകളാണ് ഇദ്ദേഹത്തിനുള്ളത്. അഞ്ച് മാസത്തോളമായി നിയന്ത്രണങ്ങളുടെ പേരിൽ ഈ മൂന്ന് കടകളും അടഞ്ഞുകിടക്കുകയാണ്.
ബലിപെരുന്നാളിന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ച് മൂന്ന് കടകളിലേക്കുമായി കടം വാങ്ങി എട്ടുലക്ഷം രൂപയുടെ സ്റ്റോക്കിറക്കി. ഇവയെല്ലാം കെട്ടിക്കിടക്കുകയാണ്. ഇതേ തുടർന്നാണ് ഒറവുംപുറത്തെ അടച്ചിട്ട കടക്ക് മുന്നിൽ കച്ചവടത്തിനിറങ്ങിയത്.
ഡി സോണിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവാദം നൽകാതിരിക്കുകയും ഓൺലൈൻ വ്യാപാരത്തിനും യാത്ര ചെയ്യാനും അനുമതി നൽകുകയും ചെയ്യുന്നത് വിചിത്രമാണെന്ന് സാദിഖ് അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീങ്ങി എന്ന് കട തുറക്കാൻ അനുമതി ലഭിക്കുമെന്നറിയില്ല.
Discussion about this post