തിരുവനന്തപുരം: നടന് ജനാര്ദനന് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്ദ്ദനന് തന്നെ നേരിട്ട് രംഗത്തെത്തി.
താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്ദനന് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്ദനന് പറഞ്ഞു.
വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്ദനന് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചു.
നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ”ഇന്നലെ മുതല്‍ നടന് ജനാര്ദനന് മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്ദനന് ചേട്ടന് പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്”- ബാദുഷ കുറിച്ചു.
പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാര്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന് വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന് ജനാര്ദനന് ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.
Discussion about this post