കൊല്ലം: ‘എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയ്യാറാണ്’- ഗൗരിനന്ദയുടെ വീട്ടില്‍ എത്തി ഷിഹാബുദീന്‍ പറഞ്ഞു.
ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കവെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരില്‍ തൊഴിലാളിക്കെതിരെ പിഴ ചുമത്തിയതിന് പോലീസിനെ ചോദ്യം ചെയ്തതിന് ടയമംഗലം സ്വദേശിനി ഗൗരിനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തൊഴിലാളിയായ ഷിഹാബുദ്ദീന് ഗൗരി നന്ദയുടെ വീട് തേടിപ്പിടിച്ച് എത്തുകയും ചെയ്തു.
പ്ലസ് ടു പരീക്ഷയില്‍ ഗൗരിക്കു മികച്ച വിജയമുണ്ടെന്ന വാര്‍ത്തയ്ക്കൊപ്പം ഷിഹാബുദീന്റെ നല്ല വാക്കുകളും കൂടിയായപ്പോള്‍ ചടയമംഗലം അക്കോണം ഇടുക്കുപാറയിലുള്ള ഗൗരിയുടെ വീട്ടിലും ദിവസങ്ങള്‍ക്കു ശേഷം ചിരി ഉയര്‍ന്നു.
രണ്ടു ദിവസം മുന്‍പ് ചടയമംഗലം ജംക്ഷനിലുള്ള ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം ഷിഹാബുദീന്‍, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തിയിരുന്നു.
എന്നാല്‍ കൃത്യമായ അകലം പാലിച്ചാണ് ക്യൂ നിന്നതെന്നു ചൂണ്ടിക്കാട്ടി ഷിഹാബുദീന്‍ പ്രതിഷേധിച്ചു. അമ്മയെ ചടയമംഗലത്തെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ ഇവിടെയെത്തിയ ഗൗരി ഇതുകണ്ട് ഷിഹാബുദീനോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അപ്പോള്‍ ഗൗരിക്കും പേറ്റി ചുമത്താന്‍ പൊലീസ് ശ്രമിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും കേസെടുത്തെന്നും ഗൗരിയും ഷിഹാബുദീനും പറയുന്നു.
പ്ലസ്ടു വിദ്യാര്‍ഥിനിയും പോലീസും തമ്മിലുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന പേരില്‍ ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആദ്യം ചടയമംഗലം പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ ജാമ്യം ലഭിക്കാവുന്ന, കേരള പോലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് പോലീസ് പിന്നീട് തിരുത്തി.
ഈ സംഭവത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് വാക്സിന് വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് ആശുപത്രിയില്‍ ഉപരോധ സമരം നടത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും നിലമേല്‍ പഞ്ചായത്തിലെ 5 വനിതാ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ 3 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനിക്ക് എതിരെയും ഇത്തരത്തില്‍ കേസ് എടുത്തപ്പോള്‍ പ്രതിഷേധം ശക്തമായി. ഗൗരിക്കെതിരെ കേസ് എടുത്ത വാര്‍ത്ത അറിഞ്ഞാണ് വീട് തേടിപ്പിടിച്ച് ഷിഹാബുദീന്‍ എത്തിയത്.
ഗൗരിനന്ദയ്ക്ക് എതിരെ ചുമത്തപ്പെട്ട വകുപ്പുകളുടെ വിവരം ഉള്‍പ്പെടെ 24 മണിക്കൂറിന് അകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചടയമംഗലം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് വനിതാ കമ്മീഷന് നിര്‍ദേശം നല്കി. നേരത്തെ ഗൗരിനന്ദയുടെ പരാതിപ്രകാരം യുവജന കമ്മീഷന് ജില്ലാ റൂറല്‍ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Discussion about this post