തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി പരാമർശത്തിന്റെ പേരിൽ നിയമസഭയിൽ ഇന്ന് നടന്നത് കനത്ത ചർച്ച. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രി അതിന്റെ ആവശ്യമില്ലെന്ന് വിശദീകരിച്ചു. കൂടാതെ കേസ് പിൻവലിക്കാനുള്ള അപേക്ഷയിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയുടെ പ്രിവിലേജ് നിലനിർത്താനാണ് സർക്കാർ ശ്രമിച്ചതെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ലെന്നും ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും പിടി തോമസ് എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് പിൻവലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണ് വിഷയം. കേസ് പിൻവലിക്കണമെന്ന ഹർജിയിലെ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. സർക്കാർ നടപടി നിയമവിരുദ്ധമോ അസാധാരണമോ അല്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അനാരോഗ്യത്തെ തുടർന്ന് വി ശിവൻകുട്ടി ഇന്ന് നിയമസഭയിൽ ഹാജരായില്ല. സ്പീക്കർക്ക് അവധി അപേക്ഷ നൽകിയിട്ടുണ്ട്. പനിയാണെന്നാണ് വിവരം.
Discussion about this post