തിരുവനന്തപുരം: സംസ്ഥാനത്തു വാക്സിൻ ക്ഷാമം കാരണം മൂന്ന് ദിവസമായി താളം തെറ്റിയ വാക്സിനേഷൻ ഇന്ന് പുനരാരംഭിക്കും. ഇന്നലെ സംസ്ഥാനത്തെത്തിയ 10 ലക്ഷത്തോളം ഡോസുകൾ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. ഇന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്സിനാണ് കേന്ദ്രങ്ങളിലേക്ക് ലഭിച്ചത്. 8,97,870 ഡോസ് കോവിഷീൽഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. അതേസമയം ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ പൂർണമായി സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു. മറ്റിടങ്ങളിൽ ചെറിയ തോതിൽ കൊവാക്സിൻ കുത്തിവെപ്പ് മാത്രമാണ് നടന്നത്. എങ്കിലും ഇന്നലെ കൂടുതൽ വാക്സിൻ എത്തിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.
Discussion about this post