തിരുവനന്തപുരം: സുപ്രീം കോടതി നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ വി ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവരുടെ വിഷയദാരിദ്ര്യത്തിന്റെ പ്രതിഫലനമാണെന്ന് മുൻമന്ത്രി എകെ ബാലൻ. പതികൾ വിചാരണ നേരിടണമെന്ന് പറഞ്ഞതിൽ അസ്വാഭാവികതയില്ല.
സുപ്രീം കോടതിയുടെ വിധി മാനിച്ച് വിചാരണ നേരിടുമെന്നും എകെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. ശക്തമായ കോടതി പരാമർശം ഇതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ ഭരിച്ച സംസ്ഥാനങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ട് എന്നത് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പ്രതികരിച്ചു.
എകെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പ്:
സുപ്രീം കോടതി ഇന്ന് നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവരുടെ വിഷയദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് നിയമപരമായ ഒരു സാധുതയുമില്ല. നിയമസഭക്കകത്ത് നടന്ന പ്രശ്‌നത്തിന്റെ മെരിറ്റിലേക്ക് സുപ്രീം കോടതി പോയിട്ടില്ല. പ്രതികൾ വിചാരണ നേരിടണമെന്ന് പറഞ്ഞതിൽ അസ്വാഭാവികതയില്ല. സുപ്രീം കോടതിയുടെ വിധി മാനിച്ച് വിചാരണ നേരിടും. ശക്തമായ കോടതി പരാമർശം ഇതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ ഭരിച്ച സംസ്ഥാനങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ട് എന്നത് ഓർക്കുന്നത് നല്ലതാണ്.
ബിഹാർ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജഗന്നാഥ് മിശ്രക്കെതിരെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് പിൻവലിക്കാൻ കോടതിയിൽ പോയ ഘട്ടത്തിൽ സുപ്രീം കോടതി പറഞ്ഞത് ഓർക്കുമല്ലോ. നരസിംഹറാവു സർക്കാരിന്റെ ഘട്ടത്തിൽ ഭരണം നിലനിർത്താൻ 19 എംപിമാരെ പണം കൊടുത്ത് ചാക്കിട്ടു പിടിച്ച അഴിമതി കേസിൽ സുപ്രീം കോടതി പറഞ്ഞതും ഓർക്കുന്നത് നല്ലതാണ്. ഇവിടെ ധാർമികത പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതൊന്നും മറക്കാനിടയില്ലാത്തതാണല്ലോ, പിണറായി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവർണറെ നിയസഭക്കകത്ത് ഘെരാവോ ചെയ്തതും . എം വിജയകുമാർ സ്പീക്കറായിരിക്കെ അദ്ദേഹത്തെ കസേരയിൽ നിന്ന് ബലമായി പിടിച്ചുമാറ്റി കോൺഗ്രസ് നേതാക്കൾ ആ കസേരയിൽ കയറിയിരുന്നതും ഓർക്കണം.
ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതിക്കെതിരായ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതികരണത്തെ അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ് നേരിട്ടത് ഒരു വനിതാ എം എൽ എയെ അപമാനിച്ചും ആക്രമിച്ചുമായിരുന്നല്ലോ. ഇടതുപക്ഷ എംഎൽഎ ആയിരുന്ന ജമീല പ്രകാശം ഇതുമായി ബന്ധപ്പെട്ട് കൊടുത്ത പരാതിയിന്മേലുള്ള കേസിൽ കോൺഗ്രസ് നേതാവ് ശിവദാസൻ നായർ പ്രതിയാണെന്നും ഓർക്കണം.
ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് ഗവൺമെന്റ് പ്രോസിക്യൂട്ടർ അവധാനത കാട്ടിയില്ല എന്ന സുപ്രീം കോടതി പരാമർശം സി ആർ പി സി 321 വകുപ്പനുസരിച്ച് ഒരു പൊതുതാത്പര്യ ഹർജിയുടെ ഭാഗമായാണ് വന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും മാറിമാറി കേരളം ഭരിച്ച ഘട്ടത്തിൽ നിയമസഭക്കകത്ത് ജനകീയ വികാരം പ്രകടിപ്പിക്കുന്നതിൽ ചില ഘട്ടങ്ങളിൽ അതിരുവിട്ടു പോയിട്ടുണ്ടാകാം. അതുകൊണ്ടു തന്നെ ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പെരുമാറ്റ ചട്ടം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രശ്‌നങ്ങളിൽ ഒരേ നിയമം പ്രാവർത്തികമാക്കുന്നത് പ്രായോഗികമാവുമോ എന്ന് ആലോചിക്കേണ്ടതാണ്. നിയമസഭയ്ക്കുള്ളിൽ എം എൽ എ മാർക്ക് ചില പ്രത്യേക അവകാശങ്ങളുണ്ട്. എന്നാൽ അത്തരം അവകാശങ്ങൾ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായിക്കൂടാ. എം എൽ എ മാർക്കുള്ള പ്രത്യേക അവകാശങ്ങളാണ് അവർക്ക് സ്വതന്ത്രമായും നിർഭയമായും ആശയപ്രകാശനത്തിനുള്ള ചങ്കൂറ്റം നൽകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എം എൽ എമാരുടെ പ്രത്യേക അവകാശങ്ങളെ ഹനിച്ചാൽ അത് ജനാധിപത്യ പ്രക്രിയയിൽ ശക്തമായി ഇടപെടാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയും ശേഷിയെയും ദുർബലപ്പെടുത്തും. ഇതുകൂടി കണക്കിലെടുത്ത്, ഇത്തരം കാര്യങ്ങളിൽ ഒരു വ്യക്തത വരുത്താൻ പെരുമാറ്റ ചട്ടം രൂപപ്പെടുത്തുന്നത് ഉചിതമായിരിക്കും.