തൃശൂര്‍: ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസില്‍ തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയിട്ട് കോടതി.
ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസ് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്. ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
മിയയുടെ ഭര്‍ത്താവ് ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്ത് വീട്ടില്‍ തോമസിനെയും ലൈലയെയും താമസിക്കുന്ന വീട്ടിലെത്തി മിയ ആക്രമിക്കുകയായിരുന്നു.
2016 ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.
ഭര്‍തൃമാതാവിന്റെ ചുമലില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മിയ കടിച്ചപ്പോള്‍ ചുമലില്‍ നിന്ന് മാംസം പറിഞ്ഞു പോയതിന്റെ തെളിവ് കേസില്‍ ഹാജരാക്കിയിരുന്നു.
അതേസമയം, മിയ നല്‍കിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവ് ദീപു കെ തോമസിനെ വിട്ടയച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ച് പരിഗണിക്കുകയായിരുന്നു കോടതി.