കൊല്ലം: ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം വാഴ്ത്തുകയാണ് ഗൗരിനന്ദ എന്ന പതിനെട്ടുവയസ്സുകാരിയെ. നാട്ടുകാരുടെ മുന്നില്‍വെച്ച് പോലീസുകാരനെ വിറപ്പിച്ച ഗൗരിനന്ദ ഉശിരുള്ള പെണ്‍കുട്ടിയാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. ഗൗരിനന്ദയും പൊലീസുമായുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു പേരാണ് കണ്ടത്.
സംഭവത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായി പ്രതികിരിച്ചിരിക്കുകയാണ് ഗൗരി നന്ദ. ”അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാന്‍. എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവില്‍ നിന്നിരുന്ന ഒരാളും പൊലീസുമായി വാക്കുതര്‍ക്കം നടക്കുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അതുമുതലാണ് വലിയ പ്രശ്‌നങ്ങളുണ്ടായത്”-ഗൗരി നന്ദ പറയുന്നു.
”’ അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പൊലീസുകാര്‍ എന്നോട് പേരും മേല്‍വിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നല്‍കുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാന്‍ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു.
അപ്പോള്‍ അവര്‍ എന്നോട് ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ശബ്ദമുയര്‍ത്തി മറുപടി നല്‍കിയത്. നീ ഒരു ആണായിരുന്നെങ്കില്‍ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. പെണ്ണാണോ എന്നൊന്നും സാര്‍ നോക്കേണ്ടന്നു ഞാന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാല്‍ കേസ് ഒഴിവാക്കാമെന്ന് പല ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായി. മാപ്പ് പറയില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.”- ഗൗരി നന്ദ കൂട്ടിച്ചേര്‍ത്തു.
ചടയമംഗലം സ്വദേശിനിയാണ് ഗൗരി നന്ദ. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥിനിയായ ഗൗരിനന്ദയ്ക്ക് എതിരെ പോലീസ് കേസ് എടുത്തതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.