തിരുവനന്തപുരം: സ്ത്രീധന പീഡനങ്ങളെ തുടർന്നുള്ള മരണങ്ങളിൽ സംസ്ഥാന നിയമസഭയിൽ ചർച്ച. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങളാണ് കേരളത്തിൽ നടന്നതായി മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 2011 മുതൽ 2016 വരെ 100 സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്.
സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി സർക്കാരിന്റെ ആലോചനയിലാണെന്നും എജി ഈ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് സത്യഗ്രഹം നടത്തിയ ഗവർണറുടെ നടപടി ഗാന്ധിയൻ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സത്യാഗ്രഹം സ്ത്രീ സുരക്ഷയ്ക്കായുള്ള ബോധവത്കരണത്തെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളെ രണ്ടാംകിട പൗരന്മാരായും കാഴ്ചവസ്തുവായും കാണുന്നതിനെതിരേ ബോധവത്കരണം ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post