അമ്പലപ്പുഴ: വീട്ടുകാരുമായി പിണങ്ങി നാടുവിട്ട 20കാരന് രക്ഷകനായി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍. വീട്ടില്‍ വഴക്കുണ്ടാക്കിയതിനാണ് തോപ്പുംപടി അഴീക്കകത്ത് സേവ്യറിന്റെ മകന്‍ പീറ്റര്‍ നാടുവിട്ടത്.
പുറക്കാട് മാര്‍സ്ലീവ പള്ളിയങ്കണത്തില്‍ പീറ്റര്‍ ക്ഷീണിതനായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയധികൃതര്‍ വിവരം അമ്പലപ്പുഴ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐ മാര്‍ട്ടിന്‍, പോലീസുകാരായ ദിലീഷ്, റോബിന്‍ എന്നിവര്‍ ഇവിടെയെത്തി പീറ്ററില്‍ നിന്ന് വിവരങ്ങള്‍ തേടി.
പിന്നീട് തോപ്പുംപടിയിലെ കൗണ്‍സിലറുമായും എസ്ഐ ഫോണില്‍ ബന്ധപ്പെട്ടു. ഇതിനു ശേഷം അവശനായ പീറ്ററിന് എസ്ഐ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം, പിന്നീട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പീറ്ററിനെ നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു. തോപ്പുംപടി വരെയുള്ള ബസ് ടിക്കറ്റിനുള്ള തുക കണ്ടക്ടറെ ഏല്‍പ്പിച്ച എസ്ഐ മാര്‍ട്ടിന്‍ തോപ്പുംപടിയില്‍ നിന്ന് പീറ്ററിന് വീട്ടിലെത്താന്‍ സ്വകാര്യ ബസ് ടിക്കറ്റിനുള്ള പണവും നല്‍കിയാണ് മടക്കിയത്.