പിറവം: വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ മൃഗീയ മര്‍ദ്ദനം നേരിട്ടതായി പരാതി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്. കക്കാട്ടില്‍ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ നോക്കാനാണ് രണ്ട് വര്‍ഷം മുമ്പ് ഇവരെ അബുദാബിയിലേയ്ക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം ലിസി മടങ്ങിയെത്തി. പിന്നീടാണ് നേരിട്ട കൊടിയ പീഡനങ്ങള്‍ ലിസി വെളിപ്പെടുത്തിയത്. തീരെ അവശ നിലയിലായ ഇവരെ വിമാനത്താവളത്തില്‍നിന്ന് പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് പല ഭാഗത്തും പൊള്ളിയതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകള്‍ കാണാം.
തലയിലും മുറിപ്പാടുമുണ്ട്. ആരോഗ്യവതിയായിപ്പോയ ലിസി തീര്‍ത്തും അവശയായാണ് തിരിച്ചെത്തിയത്. കോലം കണ്ട് വീട്ടുകാര്‍ക്കും അമ്പരപ്പായി. സംഭവത്തില്‍, പിറവം പോലീസ് കേസെടുത്തിട്ടുണ്ട്. അങ്കണവാടിയില്‍ ആയയായിരുന്ന ലിസി മൂന്ന് മക്കളുടെ മാതാവാണ്. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് അബുദാബിയിലേക്ക് പോകാന്‍ സന്നദ്ധയായത്.
20,000 രൂപ നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും ഒരു കൊല്ലത്തിനു ശേഷമാണ് മര്‍ദനം തുടങ്ങിയതെന്നും ശമ്പളം കൃത്യമായി കിട്ടിയില്ലെന്നും ലിസി പറഞ്ഞു. വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് ലിസി പറയുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Discussion about this post