അങ്ങാടിപ്പുറം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അങ്ങാടിപ്പുറം നഗരം ഡി സോൺ ആണെങ്കിലും ഗതാഗത കുരുക്കിൽ നിന്നും മോചനമില്ല. ഇന്നലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുരുങ്ങി അങ്ങാടിപ്പുറത്ത് എത്തിയ ആളുകൾ നട്ടം തിരിഞ്ഞു. ഉയർന്ന തോതിലുള്ള കോവിഡ് ടിപിആർ നിരക്ക് കാരണം കണ്ടെയ്ൻമെന്റ് സോണായ അങ്ങാടിപ്പുറത്ത് തളി ജംക്ഷനിൽ നിന്ന് വളാഞ്ചേരി റോഡിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ അകലെയുള്ള പുത്തനങ്ങാടി വരെ നീണ്ടു.
രോഗികളുമായെത്തിയ ആംബുലൻസുകളും പലപ്പോഴും കുരുക്ക് മറികടക്കാൻ ഏറെ പ്രയാസപ്പെട്ടു. മേൽപാലത്തിൽ ഇന്നലെ മുഴുവൻ സമയവും കുരുക്ക് അനുഭവപ്പെട്ടു. ഈ റോഡിൽ റോഡിലെ അനധികൃത വാഹന പാർക്കിങ്ങും അവിടവിടെയായി വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ച് തിരിക്കുന്നതും കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.
മലപ്പുറം റോഡിലെ കുരുക്ക് ഓരാടംപാലം വരെയും പെരിന്തൽമണ്ണ ഭാഗത്തേക്ക് ബൈപാസ് ജംക്ഷൻ വരെയും വാഹനവരി നീണ്ടു. രാവിലെ മുതൽ വൈകിട്ട് വരെ ഇടവിട്ട് കുരുക്ക് അനുഭവപ്പെട്ടു. ഇഴഞ്ഞു നീങ്ങി അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലെത്താൻ പലപ്പോഴും വാഹനങ്ങൾക്ക് അര മണിക്കൂറിലേറെ വേണ്ടി വന്നു.
നാമമാത്രമായി ഉണ്ടായിരുന്ന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത ഉദ്യോഗസ്ഥരാകട്ടെ കുരുക്കഴിക്കാൻ കഠിനാധ്വാനം ചെയ്തിട്ടും കാര്യമായ ഫലമുണ്ടായില്ല. അങ്ങാടിപ്പുറത്ത് നിലവിൽ അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതിയുള്ളത്.