പാലാ: അപകടത്തെ തുടർന്ന് ദുരിതത്തിലായ നാട്ടുകാരന് വീടു വയ്ക്കാൻ സൗജന്യമായി 3 സെന്റ് സ്ഥലം നൽകി മാണി സി കാപ്പൻ എംഎൽഎയും സഹോദരൻ ചെറിയാൻ സികാപ്പനും. വള്ളിച്ചിറ മൂന്നുതൊട്ടിയിൽ എംടി റോയിച്ചനാണ് ഇടപ്പാടിയിൽ സ്ഥലം നൽകിയത്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ വാഹനാപകടത്തിൽ റോയിച്ചന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും ശാരീരിക വിഷമതകളിലാണു റോയിച്ചൻ.
മുൻ എംപിയും നഗരസഭാധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി വാങ്ങിയ 53 സെന്റിൽ നിന്നാണു റോയിച്ചന് സ്ഥലം നൽകിയത്. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ഡോ.കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് അപേക്ഷകളിൽ നിന്ന് അർഹരെ തെരഞ്ഞെടുക്കുന്നത്.
കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചിരുന്ന 2 കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിന് 6 സെന്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജനു 3 സെന്റ് സ്ഥലവും നേരത്തേ നൽകിയിരുന്നു.