കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ നയാബസാറിലെ വിവിധ കടകളിൽ കവർച്ചനടത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പടെ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യപ്രതി കാരാട്ട് നൗഷാദും (44) ഇയാളുടെ കൂട്ടാളി സിജോ ജോർജ് എന്ന ടോണി(31)യുമാണ് അറസ്റ്റിലായത്. നൗഷാദിനെ കർണാടകയിലെ കുന്താപുരത്തുവച്ചും ടോണിയെ കാർവാറിൽ വച്ചുമാണ് പോലീസ് പിടിച്ചത്. മെജസ്റ്റിക് കമ്മ്യൂണിക്കേഷനിലും ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ ഷോപ്പിലുമുൾപ്പെടെയാണ് കവർച്ച നടന്നത്.
കാഞ്ഞങ്ങാട്ടെ രണ്ട് വസ്ത്രശാലകൾ, നീതി ഉൾപ്പെടെ മൂന്ന് മെഡിക്കൽ ഷോപ്പുകൾ, മെജസ്റ്റിക് കമ്യൂണിക്കേഷനു പുറമെ മറ്റൊരു മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. മെജസ്റ്റിക് ഷോപ്പിൽനിന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങി 15 ലക്ഷത്തിന്റെ സാധനങ്ങളാണ് കവർന്നത്. നീതി മെഡിക്കൽ ഷോപ്പിൽനിന്ന് അരലക്ഷം രൂപയും കവർന്നു.
കാട്ടുകുളങ്ങരയിലെ മനു (35), തൈക്കടപ്പുറത്തെ ഷാനവാസ് (28), നെല്ലിക്കട്ട എതിർത്തോട്ടെ മുഹമ്മദ് ഷെറീഫ് (40) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെറീഫിനെ ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് നൗഷാദാണ് കവർച്ചയുടെ സൂത്രധാരനെന്ന് പോലീസിന് വ്യക്തമായത്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ചെർക്കളയിലെ താമസക്കാരനുമാണ് നൗഷാദ്. എറണാകുളം കടവന്ത്ര സ്വദേശിയാണ് ടോണി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി വി ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഹൊസ്ദുർഗ് എസ്‌ഐ കെപി സതീഷ്, അഡീഷണൽ എസ്‌ഐ കെ പ്രീജേഷ്, എഎസ്‌ഐ അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്‌കുമാർ, എംവി നികേഷ് എന്നിവരുൾപ്പെട്ട സംഘം രണ്ടുദിവസമായി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണത്തിലായിരുന്നു.