എറണാകുളം: ജില്ലയിലെ മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പ്രദേശത്തെ കുട്ടികള്‍ക്കും, ഡിജിറ്റല്‍ പഠനസങ്കേതങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കുമായി പൊതു വിദ്യാഭ്യാസവകുപ്പ് 49 പൊതുപഠന കേന്ദ്രങ്ങള്‍ സജ്ജമാക്കി. കുട്ടമ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ പൊതു പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. 13 ആദിവാസി ഊരുകളിലായി 25 പഠനകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍ മേഖലയിലും ജില്ലയിലെ തീരദേശ പിന്നാക്ക മേഖലകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുപഠനകേന്ദ്രങ്ങള്‍ സജ്ജമാക്കി. ഓരോ പഠനകേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അധ്യാപകര്‍ക്ക് പ്രത്യേക ചുതല നല്‍കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഐ.സി.ഡി.എസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണ്. സിഗ്‌നല്‍തടസ്സം നേരിടുന്ന ആദിവാസി മേഖലകളില്‍ റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ് ടോപ്പിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് പൊതു വിദ്യാഭ്യാസവകുപ്പ് എല്ലാ കുട്ടികളെയും ഡിജിറ്റല്‍ പഠനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സംശയദൂരീകരണവും അധ്യാപകരുമായുള്ള ആശയ വിനിമയവും പൊതുപഠനകേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു.