കൊല്ലം: പ്രവൃത്തി ദിനങ്ങൾ കുറവായതിനാൽ തിരക്കേറിയ ബാങ്കിൽ ക്യൂവിൽ നിന്നയാൾക്ക് പോലീസ് പിഴ ചുമത്തിയത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരി ഗൗരി നന്ദയ്ക്ക് എതിരെയാണ് ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്. നിയന്ത്രിത ദിവസങ്ങളിൽ മാത്രം പ്രവൃത്തിക്കുന്ന ബാങ്കുകളിൽ അത്യാവശ്യ ഇടപാടിനെത്തിയവർക്കുനേരെയാണ് പോലീസിന്റെ നടപടിയെന്ന് നാട്ടുകാർ പറയുന്നു.
പ്ലസ്ടു വിദ്യാർത്ഥിയായ ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പോലീസ് കേസ് എടുത്തത്. പിഴ ചുമത്തപ്പെട്ട മധ്യവയസ്കനും പോലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കിയപ്പോൾ പോലീസ് ഇവർക്കെതിരെയും പെറ്റി എഴുതി നൽകുകയായിരുന്നു.
പെറ്റിക്കടലാസ് പോലീസിന്റെ മുന്നിൽവെച്ച് തന്നെ കീറിയെറിഞ്ഞതോടെ വാക്പോര് രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുതരുതെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.
പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് പെൺകുട്ടി. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുന്നതിനിടെ എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു വന്നത്. അതിനിടെയാണ് പോലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ടത്. കാര്യംതിരക്കിയതോടെ പോലീസുകാർ തന്റെ പേരും മേൽവിലാസവും ചോദിച്ചതായും സാമൂഹിക അകലം പാലിക്കാത്തിന് പെറ്റി എഴുതിയതായുമാണ് ഗൗരിനന്ദ പറയുന്നത്.
അതേസമയം, പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വെക്കുകയായിരുന്നുവെന്ന് എസ് ഐ ശരലാൽ പറഞ്ഞു.
Discussion about this post