കൊല്ലം: പോലീസും മറ്റൊരാളുമായി ഉണ്ടായ വാക്ക് തര്‍ക്കം അന്വേഷിക്കാന്‍ എത്തിയ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്ത് പോലീസ്. ഗൗരി നന്ദ എന്ന പെണ്‍കുട്ടിക്കെതിരേയാണ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെയാണ് ചടയമംഗലത്ത് കേസിനാസ്പദമായ സംഭവം. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. എടിഎമ്മില്‍ നല്ല തിരക്കുണ്ടായിരുന്നു. തുടര്‍ന്ന് ചടയമംഗലം എസ്.ഐ ശരണ്‍ലാലിന്റെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ എടിഎമ്മിന് മുന്നില്‍ ഒരു സംഘമെത്തി.
പിന്നാലെ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ അവിടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന വ്യക്തിക്ക് പോലീസ് നോട്ടീസ് നല്‍കി. ഇതോടെ നോട്ടീസ് നല്‍കിയ വ്യക്തിയും പോലീസും തമ്മില്‍ ആദ്യം വാക്കുതര്‍ക്കം ഉണ്ടായി. ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി തര്‍ക്കത്തിന്റെ കാരണം തിരക്കി.
ഇതോടെ പോലീസ് പെണ്‍കുട്ടിക്കും നോട്ടീസ് നല്‍കി. തുടര്‍ന്ന് പോലീസും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമായി. സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസെങ്കില്‍ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിച്ചു. പോലീസ് നല്‍കിയ നോട്ടീസ് പെണ്‍കുട്ടി കൈപറ്റിയുമില്ല.
വൈകീട്ടോടെ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.