ചേർത്തല: അന്ന് ആ ബസ് അപകടം വില്ലനായി എത്തിയിരുന്നില്ലെങ്കിൽ പത്ത് വർഷങ്ങൾക്ക് മുമ്പെങ്കിലും സ്വന്തമാകേണ്ടിയിരുന്ന യോഗ്യതകളെല്ലാം ഇന്ന് കിടന്ന കിടപ്പിലാണെങ്കിലും നേടിയെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ പെൺകുട്ടി. തലയ്ക്ക് പരിക്കേൽപ്പിച്ച അപകടത്തിൽ നിന്നും ഇന്ന് ശാരീരിക അവശതകളോടെ അതിജീവിക്കുന്ന ലക്ഷ്മി ലാൽ 12ാംതരം തുല്യതാ പരീക്ഷയുടെ ഭാഗമായത് ആംബുലൻസിൽ കിടന്നാണ്. തുല്യതാ പരീക്ഷയിലൂടെ പത്താംതരത്തിൽ നേടിയ വിജയം 12ാം തരത്തിലും ആവർത്തിക്കാനാണ് പരീഷാഹാളിനു പുറത്ത് ആംബുലൻസിലെ സ്‌ട്രെച്ചറിൽ കിടന്ന് ലക്ഷ്മിലാൽ പരീക്ഷയെഴുതുന്നത്.
2006ൽ എസ്ഡിവി സെൻട്രൽ സ്‌കൂളിൽ ഒൻപതാംക്ലാസിൽ പഠിക്കുമ്പോൾ സൈക്കിളിൽ പോകവേ ആലപ്പുഴയിൽവെച്ച് ബസിടിച്ച് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു ലക്ഷ്മിക്ക്. തളർന്നുകിടപ്പായെങ്കിലും അതിനെയെല്ലാം മറികടന്ന് പഠനത്തിൽ തിളങ്ങണമെന്ന് ലക്ഷ്മിക്കും വാശിയായിരുന്നു. കടക്കരപ്പള്ളി വാഴത്തറ ലാലന്റെയും അജിതയുടെയും മകളാണ് 27കാരിയായ ലക്ഷ്മിലാൽ.
മുടങ്ങിയ പഠനം എങ്ങനെ തുടരുമെന്ന രക്ഷിതാക്കളുടെ ചോദ്യത്തിനു മുന്നിലാണ് തുല്യതാപഠനം ഉത്തരമായത്. പത്താംതരത്തിൽ നാല് എ പ്ലസ് നേടിയാണു വിജയിച്ചത്. ക്ലാസുകളിൽ പോകാനാകാത്തതിനാൽ അധ്യാപകരുടെ സഹായത്താലും അമ്മ അജിതയുടെ ശിക്ഷണത്തിലുമാണ് കട്ടിൽ ക്ലാസ്മുറിയാക്കിയുള്ള പഠനം. പത്താംക്ലാസിനുശേഷം പ്ലസ്ടു ഹ്യുമാനിറ്റീസെടുത്തു പഠനം തുടർന്നു. ചേർത്തല ഗവ. ഗേൾസ് സ്‌കൂളിൽനിന്ന് എസ്എസ്എൽസി കഴിഞ്ഞ ഹുസൈനയാണ് ലക്ഷ്മി പഠിച്ച പാഠങ്ങൾ എഴുതാനായി സഹായിയായി എത്തിയത്.
ഒന്നാംപരീക്ഷയായ മലയാളം നന്നായി എഴുതാനായെന്ന് ലക്ഷ്മിയുടെ വാക്കുകൾ. അച്ഛനുമമ്മയ്ക്കുമൊപ്പമാണ് ലക്ഷ്മി പരീക്ഷയ്‌ക്കെത്തിയത്. ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സയ്ക്കുശേഷമാണ് ലക്ഷ്മി ഇത്രയെങ്കിലും ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴും ഫിസിയോതെറപ്പി നടക്കുകയാണ്. ദിവസേന 550 രൂപയോളമാണ് ചെലവ്. ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്‌കൂളിലെ സഹപാഠികളുടെയും മറ്റുള്ളവരുടെയും സഹകരണമാണ് കുടുംബത്തിനു താങ്ങാവുന്നത്.
Discussion about this post