കൊച്ചി: ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ തുടരുന്നതിനിടെ റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നതിനെ സ്വാഗതം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗതാഗത ആവശ്യങ്ങൾക്കായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിനു തയ്യാറാകണമെന്ന് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ദേശീയപാത 66ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത ചെറുതുരുത്തി കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കർദിനാൾ അനുമോദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവിശ്വാസികളും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നാടിന്റെ സമകാലിക ആവശ്യങ്ങളിൽ ഉദാരതയോടെ സഹകരിക്കണമെന്നും കെസിബിസി പ്രസിഡന്റും സിറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ നിർദേശിച്ചു. ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു കർദിനാൾ.
ചരിത്രപ്രാധാന്യമുള്ളവയും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്തവിധം വിവേകത്തോടെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Discussion about this post