51 പവന്‍ സ്വര്‍ണം, ആഡംബരകാറിന് നിര്‍ബന്ധം പിടിച്ച് ഭര്‍തൃപിതാവ്: 10 ലക്ഷം ആവശ്യപ്പെട്ട് നിരന്തരം പീഡനം; സുചിത്രയുടെ മരണത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: വള്ളികുന്നത്ത് നവവധു തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

സ്ത്രീധന പീഡനത്തിന് കേസെടുത്ത പോലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.

ഓച്ചിറ സ്വദേശിനി 19 വയസുള്ള സുചിത്രയാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ ജൂണ്‍ 22ന് തൂങ്ങിമരിച്ചത്. 51 പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയത്. ഇരുചക്ര വാഹനം നല്‍കാമെന്ന് സുചിത്രയുടെ പിതാവ് വാഗ്ദാനം ചെയ്തപ്പോള്‍ ആഡംബരക്കാര്‍ വേണമെന്ന് പ്രതി ഉത്തമന്‍ ആവശ്യപ്പെട്ടു. കാര്‍ നല്‍കിയ ശേഷമായിരുന്നു വിവാഹം.

വിവാഹശേഷം ഭര്‍ത്താവിന്റെ സഹോദരിയുടെ കടം തീര്‍ക്കാനായി 10 ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. പണത്തിനായുള്ള നിരന്തര സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോള്‍ ആയിരുന്നു സംഭവം.

വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ സൈനികനായ ഭര്‍ത്താവ് ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉപദ്രവം രൂക്ഷമായത്.

സുചിത്രയെ വിവാഹം കഴിക്കും മുന്‍പ് വിഷ്ണുവിന്റെ ഒരു വിവാഹം മുടങ്ങിയിരുന്നു. വിവാഹത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. അവരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.

ജൂണ്‍ 22ന് പ്രതി സുലോചന സുചിത്രയെ പണം ആവശ്യപ്പെട്ട് ശകാരിച്ചിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതോടെ സുചിത്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് മുറിയില്‍ കയറിയപ്പോഴാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്കയില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍വച്ച് കയറി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Exit mobile version