കോട്ടയം: ജനസംഖ്യാ വർധനവിനെ കുറിച്ചുള്ള ചർച്ചകൾ നടക്കവെ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സിറോ മലബാർ സഭ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് പ്രഖ്യാപനങ്ങൾ ബാധകം. 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്ന് അതിരൂപതയുടെ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലാ രൂപതയുടെ ‘കുടുംബവർഷം 2021’ പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനമെന്നും ഫേസ്ബുക്ക് പേജിൽ വന്ന പ്രഖ്യാപനത്തിൽ പറയുന്നു.
ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. നേരത്തെ തൊട്ടുതന്നെ ക്രിസ്ത്യാനികൾ ജനസംഖ്യാ വർധനക്ക് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങൾ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളിലൂടെ സജീവമായി പ്രചരിക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ജനസംഖ്യാ വർധനവിനായുള്ള പരസ്യമായ ആഹ്വാനം വന്നതോടെ സോഷ്യൽമീഡിയയിൽ വിമർശനങ്ങളും ശക്തമാണ്.
Discussion about this post