കാസർകോട്: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റൈ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 2.45 കോടി തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതി റിമാൻഡിൽ. പിന്നാലെ പ്രതി മുഹമ്മദ് സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജസ്വർണാഭരണങ്ങള്ഡ നിർമ്മിക്കുന്ന സാമഗ്രികൾ പോലീസ് പിടിച്ചെടുത്തു. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബാങ്കിന്റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ് ആസൂത്രിതമാണെന്നാണ് പോലീസ് പറയുന്നത്. സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്ലേറ്റിങ് സാമഗ്രികൾ, സ്വർണം പണയപ്പെടുത്തിയതിന്റെ രസീതുകൾ എന്നിവ കണ്ടെടുത്തു.
സുഹൈറിന്റെ കൂട്ടാളികളായ 12 പേരെയും പോലീസ് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ്. ഉദുമ, ബേക്കൽ, കളനാട് സ്വദേശികളാണ് ഇവരെല്ലാം. 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള 9 മാസ കാലയളവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൂടുതലും നെക്‌ലേസ് വിഭാഗത്തിലുള്ള ആഭരണങ്ങളായിരുന്നു പണയം വയ്ക്കാനായി പ്രതികൾ കൊണ്ടുവന്നത്. ഉരച്ചുനോക്കുന്ന ഭാഗത്തു തനി സ്വർണം തന്നെ വച്ചാണ് തട്ടിപ്പ് നടത്തിയത്.