തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 136 അടിയോട് അടുക്കുകയാണ്. 135.80 അടിയാണ് ഇപ്പോഴുള്ള ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രതാ നിര്‍ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാ നിര്‍ദേശം നല്കി ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം കൈമാറി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്കി.
ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ കണ്ട്രോള് റൂം തുറക്കാനും പ്രത്യേകം നിര്‍ദേശിച്ചു. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നില്ല. ഈ സാഹചര്യത്തില്‍, ജലനിരപ്പ് കുറയ്ക്കാന്‍ കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്ത് നല്കി.
Discussion about this post