കുമളി: പഠനം നിര്‍ത്തണം, കല്യാണം കഴിക്കണമെന്ന ഉപദേശങ്ങളെ നിഷ്കരുണം തള്ളിമാറ്റി കൂലിപ്പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ച് ഒടുവില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായി സെല്‍വമാരി. തനിക്ക് ലഭിച്ച അവധിദിവസങ്ങളിലാണ് സെല്‍വമാരി കൂലിപ്പണിയെടുത്തിരുന്നത്. നിശ്ചയദാര്‍ഢ്യം കൊണ്ട് ഇന്ന് 28കാരി സെല്‍വകുമാരി വഞ്ചിവയല്‍ ഹൈസ്കൂള്‍ അധ്യാപികയായി.
ചെറുപ്രായത്തിലാണ് ഇവരുടെ അച്ഛന് ഉപേക്ഷിച്ചുപോയത്. പിന്നീട് ചോറ്റുപാറയിലെ ആ രണ്ടുമുറി വീട്ടില്‍നിന്ന് ജീവിതം കരയ്ക്കടുപ്പിക്കാനുള്ള പോരാട്ടത്തിലായിരുന്നു സെല്‍വമാരി. മൂന്ന് പെണ്മക്കള്ക്ക് അമ്മ സെല്‍വമായിരുന്നു എല്ലാം. ഏലമലക്കാടുകളില്‍ പണിയെടുത്ത് അവര്‍ കുടുംബം പോറ്റി. അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് സെല്മാരിയും അമ്മയെ സഹായിക്കാന്‍ കൂലിപ്പണിക്ക് ഇറങ്ങിയത്. ആ വേളയിലും പഠിച്ച് ഉദ്യോഗം നേടണമെന്ന ആഗ്രഹം മനസില്‍ പാറപോല്‍ ഉറച്ചിരുന്നു.
ചോറ്റുപാറ ജി.എല്‍.പി. സ്കൂള്‍, മുരിക്കടി സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിലായിരുന്നു പ്ലസ്ടു പഠനം. ഉന്നതവിജയം നേടി. തുടര്‍ന്ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ബിരുദപഠനം നടത്തി. ഗണിതമായിരുന്നു ഐശ്ചിക വിഷയം. തമിഴ് മീഡിയത്തില്‍നിന്നും എത്തിയതിനാല്‍ മലയാളം തീരെ വശമില്ലായിരുന്നു. ഇംഗ്ലീഷും അത്ര പോരാ. ഒറ്റപ്പെടലുകള്‍ അനുഭവപ്പെട്ടുതുടങ്ങിയപ്പോള്‍ പഠനമുപേക്ഷിച്ചാലോ എന്നുവരെ ആലോചിച്ചു.
എന്നാല്‍, ഏലമലക്കാട്ടില്‍ കഷ്ടപ്പെടുന്ന അമ്മയുടെ മുഖമാണ് മനസില്‍ തെളിഞ്ഞതോടെ എല്ലാ പ്രതിസന്ധികളെയും സെല്‍വമാരി തരണം ചെയ്തു. കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയില്‍ പാസായി. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് എം.എസ്സി.യും നേടി. കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററില്‍നിന്ന് ബി.എഡ്., തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍നിന്ന് എം.എഡ്., ഒന്നാം റാങ്കോടെ എം.ഫില്‍. എന്നിവ നേടി. നിലവില്‍ ഇവിടെ പിഎച്ച്.ഡി. വിദ്യാര്‍ഥിനിയാണ്. കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും നേടിയിട്ടുണ്ട്.
പി.എസ്.സി.യുടെ വനിതാ സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിലാണ് സെല്‍വമാരിയുടെ പേര് ആദ്യം വന്നത്. അതിനോട് താത്പര്യം കുറവായതിനാല്‍ 2017-ലാണ് ഹൈസ്കൂള്‍ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020-ല്‍ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിക്കാനായത്. ഈ ജീവിത വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് സോഷ്യല്‍മീഡിയയും അഭിനന്ദിച്ചു.
Discussion about this post