തൃശ്ശൂര്‍: യാദില്‍ വാക്ക് പാലിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം ഇനി കൊടുങ്ങല്ലൂരില്‍. കോപ്പ അമേരിക്ക ഫൈനലിനോടടുപ്പിച്ചാണ് കടുത്ത അര്‍ജന്റീന ആരാധകനും അതിലേറെ മെസി ഫാനുമായ കൊടുങ്ങല്ലൂര്‍ സ്വദേശി യാദില്‍ തന്റെ കടയുടെ തൊട്ടുമുന്നിലുള്ള മതിലില്‍ ഏറ്റവും വലിയ മെസിയുടെ ചിത്രം വരക്കുമെന്ന് വാഗ്ദാനം ചെയ്തത്.
ഒപ്പം 350 പേര്‍ക്ക് സൗജന്യമായി കുഴി മന്തി വിതരണവും നടന്നു. അര്‍ജന്റീന കോപ്പ അമേരിക്ക ജേതാക്കളായാല്‍ സൗജന്യമായി മന്തി വിതരണം നടത്തുമെന്ന യാദിലിന്റെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഇതിലൂടെ പൂര്‍ത്തിയാക്കിയത്.
കടുത്ത മെസി ഫാനായ കൊടുങ്ങല്ലൂര്‍ സ്വദേശി യാദിലാണ് മുപ്പത് അടി ഉയരവും 20 അടി വീതിയുമുള്ള മതിലില്‍ മെസിയുടെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഫൈനലില്‍ ബ്രസീലിനെ അര്‍ജന്റീന നിഷ്പ്രഭമാക്കി. ആഗ്രഹിച്ച സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ മതിലില്‍ വരയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ യാദില്‍ ഏര്‍പ്പാട് ചെയ്തു. കഴിഞ്ഞദിവസമാണ് യാദില്‍ തന്റെ വാക്ക് പാലിച്ച് സ്വപ്നനായകന്‍ കോപ്പ അമേരിക്ക കപ്പ് ഉയര്ത്തിനില്ക്കുന്ന ചിത്രം ചുമരില്‍ പൂര്‍ത്തിയാക്കിയത്.
യുവ ചിത്രകാരന് റാഷിദ് മെറാക്കിയാണ് മെസിയുടെ കൂറ്റന്‍ ചിത്രം ഒരുക്കിയത്. അക്രലിക് എമല്‍ഷന്‍ ഉപയോഗിച്ച് മൂന്നുദിവസം കൊണ്ടാണ് റാഷിദ് ചിത്രം തയ്യാറാക്കിയത്. കടുത്ത മഴയെ തരണം ചെയ്ത് യാദിലിന്റെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തിലാണ് റാഷിദ് ചിത്രം വരച്ച് പൂര്‍ത്തിയാക്കിയത്.
അര്‍ജന്റീന ആരാധകനായ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനാണ് ചിത്രം ഇന്നലെ അനാച്ഛാദനം ചെയ്തത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ജേതാക്കളാകുമ്പോള്‍ മെസ്സിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ഒരു രാജ്യാന്തര കിരീടം അര്‍ജന്റീന നേടിയത് ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നുവെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് മെസ്സിക്ക് ഇത്ര വലിയൊരു സ്നേഹപ്രകടനം ഉണ്ടാകുന്നത് അത് കേരളത്തില്‍ നിന്നാകുന്നത് വലിയ സന്തോഷം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post