കോഴിക്കോട്: പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി
രമ്യാ ഹരിദാസ് എംപി.
പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും യുവാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നു, എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.
രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വിടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.
കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു.
എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി.
ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.