കണ്ണൂര്‍: എസ്എംഎ രോഗബാധിതനായ കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ചികിത്സയ്ക്കായി വേണ്ടത് 18കോടിയോളം രൂപയായിരുന്നു. എന്നാല്‍ നന്മ നിറഞ്ഞ മനുഷ്യര്‍ കൈകോര്‍ത്തപ്പോള്‍ 18ഉം കടന്ന് 46.78 കോടി രൂപയോളം ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടിലെത്തിയ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
കുഞ്ഞിനുള്ള സോള്‍ജെന്‍സ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. 7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക.
മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള പണം എടുത്ത് ബാക്കിയുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂര്‍വ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്.
എന്നാല്‍ മുഴുവന്‍ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഈ ഘട്ടത്തിലാണ് സഹോദരനുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അഫ്രയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നീട് കണ്ടത് സുമനസ്സുകളുടെ സഹായമായി പണം ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു.
Discussion about this post