തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിനെ കൈമാറാനൊരുങ്ങി കമ്പനി താല്പര്യപത്രം ക്ഷണിച്ചു. രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്ബോളിനും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ക്കും വേദിയായ കാര്യവട്ടം സ്പോര്‍ട്സ് ഹബ് അടക്കം ഐഎല്‍ ആന്‍ഡ് എഫ്എസ്ന്റെ സംസ്ഥാനത്തെ ആസ്തികളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
എന്നാല്‍ തീരുമാനം അപ്രതീക്ഷിതമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ സ്റ്റേഡിയം സമുച്ചയത്തിന്റെ കൈവശാവകാശം മറ്റൊരു കമ്പനിക്ക് നല്‍കാനാകൂയെന്നും കാര്യവട്ടം സ്പോര്‍ട്സ് ഹബ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് പത്മനാഭന് പ്രതികരിച്ചു.
രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായ കാര്യവട്ടം സ്റ്റേഡിയം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ കൈവശാവകാശത്തില്‍ നിന്നാണ് ഐഎല്‍ആന്‍ഡ് എഫ്എസ് പിന്മാറാന് തയാറെടുക്കുന്നത്. മുന്നൂറ്റിത്തൊണ്ണൂറുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സ്റ്റേഡിയത്തോടൊപ്പം 490 കോടി രൂപയുടെ തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിയില്‍ നിന്നും കമ്പനി പിന്മാറുകയാണ്.
മാതൃകമ്പനിയായ ഐടിഎല്എലിനുള്ള 91,000 കോടി രൂപയുടെ കടം വീട്ടാനാണ് അനുബന്ധ കമ്പനികളുടെ ആസ്തികള്‍ വില്‍ക്കുന്നത്. കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന പ്രത്യേകോദ്ദേശ സംവിധാനത്തിന് കീഴിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ കൈവശാവകാശം മാറുന്നതിന് താല്പര്യ പത്രം ക്ഷണിച്ചത് സ്പോര്‍ട്സ് ഹബ്ബ് സിഒഒ അജയ് പത്മനാഭന് സ്ഥിരീകരിച്ചു.
എന്നാലിത് ഉടന്‍ നടപ്പാകില്ല. സ്റ്റേഡിയത്തിന് പുറമെ കാര്‍ണിവെല്‍ ഗ്രൂപ്പിന്റെ തീയ്യേറ്ററുകള്‍, കണ്വെന്ഷന് സെന്റര്‍, ജിംനേഷ്യം, അനില്‍ കുംബ്ലെയുടെ ടെന്‍വിക് അക്കാദമി തുടങ്ങിയവ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം. സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്.
സ്റ്റേഡിയംവികസനത്തിനായി കൂടുതല്‍ പണം ചെലവിടാനാകില്ലെന്ന് നേരത്തെ നിലപാടെടുത്തുരുന്ന ഐഎല്‍ആന്‍ഡ് എഫ്എസ് സ്റ്റേഡിത്തിന്റെ ചുമതലതന്നെ ഒഴിയാന്‍ തയാറെടുക്കുന്നത് തലസ്ഥാനത്തിന്റെ കായികരംഗത്തിന് തളര്‍ച്ചയാകും.
Discussion about this post