പത്തനംതിട്ട: ശബരിമലയില്‍ ബ്രാഹ്‌മണ പൂജ തുടരുമെന്ന് ദേവസ്വം ബോര്‍ഡ്. ബ്രാഹ്‌മണ പൂജയാണ് അംഗീകൃത സമ്പ്രദായമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ മേല്‍ശാന്തി നിയമനം ബ്രാഹ്‌മണരില്‍ നിന്ന് മാത്രമായിരിക്കും. അബ്രാഹ്‌മണരെ നിയമിക്കുന്നത് എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കും. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രം ദേവസ്വം ബോര്‍ഡ് ഇക്കാര്യം പരിശോധിക്കാം -എന്‍ വാസു പറഞ്ഞു.
2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ജൂണ്‍ ഒന്നിന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. കീഴ്ജാതി വിവേചനത്തിന്റെ ‘അയ്യപ്പന് അയിത്തമോ’ പേരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ് കാമ്പയിന്‍ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം.
ശബരിമല മേല്‍ശാന്തി നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്‌മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി.
ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മേല്‍ശാന്തി നിയമനത്തിനുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ ശബരിമലയിലും മാളിപ്പുറത്തും ഒരു വര്‍ഷത്തേക്കാണ് നിയമനം. പത്തുവര്‍ഷം ഏതെങ്കിലും ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചവര്‍ക്കാണ് അവസരം. എല്ലാവര്‍ഷവും അബ്രാഹ്‌മണരും അപേക്ഷിക്കാറുണ്ടെങ്കിലും ബ്രാഹ്‌മണരല്ലെന്ന കാര്യത്തില്‍ നിരസിക്കാറാണ് പതിവ്.