തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് വിളിച്ച് ആക്ഷേപിച്ച കോൺഗ്രസ് നേതാവ് വിടി ബൽറാമിന് വായടപ്പിക്കുന്ന മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. പച്ചരി വിശപ്പ് മാറ്റും, പക്ഷെ ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ലെന്നു റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ഉച്ചക്കഞ്ഞി സംസ്ഥാനത്തെ സ്കൂളുകളിൽ വ്യാപകമാക്കിയ മുൻമുഖ്യമന്ത്രി ഇകെ നായനാർക്ക് എതിരെ ‘കഞ്ഞി നായനാർ തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചിരുന്ന കോൺഗ്രസിന്റേത് ജനിതക രോഗമാണെന്നും റഹീം വിമർശിച്ചു. വിടി ബൽറാമും കോൺഗ്രസ്സ് സൈബർ സംഘവും പരിഹസിക്കുന്ന പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. ഒരു സംശയവും വേണ്ട, കിറ്റ്,വീടിന്റെ വിശപ്പ് മാറ്റിയ ഐശ്വര്യം തന്നെയാ സാറന്മാരെ. പച്ചരി വിശപ്പ് മാറ്റും. ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ലെന്നും റഹീം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
‘കഞ്ഞി നായനാർ തുലയട്ടെ’….
പിരപ്പൻകോട് സർക്കാർ എൽപി സ്കൂളിലായിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം.എംസി റോഡിനോട് ചേർന്നാണ് അന്നും ഇന്നും എന്റെ സ്കൂൾ.
തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും.മുദ്രാവാക്യം വിളിച്ചും പാട്ടുകൾ പാടിയും കടന്നുപോകുന്ന വാഹനങ്ങളിൽ കെട്ടിയിരുന്ന മൂന്ന് നിറമുള്ള കൊടികൾ കോൺഗ്രസ്സിന്റേത് ആയിരുന്നുവെന്നൊക്കെ പിന്നെയെപ്പോഴോ ആണ് മനസ്സിലായത്.
പക്ഷേ ആ വാഹനങ്ങളുടെ ലൗഡ്സ്പീക്കറിലൂടെ കേട്ട ഒരു മുദ്രാവാക്യം ഞങ്ങൾ കുട്ടികൾക്ക് കൗതുകമായി.
‘കഞ്ഞി നായനാർ തുലയട്ടെ’…
സഖാവ് ഇ കെ നായനാർ അന്ന് മുഖ്യമന്ത്രി,നയനാർക്കെതിരായ രാഷ്ട്രീയ സമരത്തിന് പോയ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നും കേട്ട ആ പരിഹാസത്തിനു സമാനമായി ഇന്നത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ തൃത്താലയിൽ നിന്നൊരു വികൃത ശബ്ദം കേട്ടു ….
അപ്പോഴാണ് കുട്ടിക്കാലം വെറുതെ മനസ്സിൽ കയറിവന്നത്. എന്തിനായിരുന്നു ജനപ്രിയനായ നയനാർക്ക് കഞ്ഞി എന്നൊരു വട്ടപ്പേര് വന്നത് ? ശ്രീ മുരുകൻ കാട്ടാക്കടയുടെ ‘ഓർമ്മമഴക്കാറ്’ എന്നൊരു കവിതയുണ്ട്.കവിയുടെ സ്കൂൾ കാലമാണ് പ്രമേയം.
വരികളിങ്ങനെ പോകുന്നു… ‘അഞ്ചാം ക്ലസ്സിന്റെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിയ്ക്കും പൊതിച്ചോറിനെ, ആ പൊതിച്ചോറിനെ ആർത്തിയാൽ നോക്കുന്ന ഓട്ടയുടുപ്പിട്ട കാക്ക കറുമ്പനെ,…
വിശപ്പോടെ,ആർത്തിയോടെ കഌസ്സിൽ സഹപാഠി കൊണ്ടുവന്ന പൊതിച്ചോറിലേക്ക് നോക്കുന്ന, തുള വീണ,പഴകിയ വസ്ത്രം ധരിച്ചു വരുന്ന, ദരിദ്രമായ തന്റെ ഭൂതാകാലമാണ് കവി എഴുതിയത്. സ്കൂൾ മുറ്റത്തെ ടാപ്പിലെ വെള്ളം കുടിച്ചു വിശപ്പ് മാറ്റിയ ഒരുപാട് കുട്ടികൾ…. പ്രൈമറി സ്കൂൾ കുട്ടികൾക്ക് പരിമിതമായ തോതിൽ ഉച്ചക്കഞ്ഞിയോ,ചോളമോ ഗോതമ്പ് പുഴുങ്ങിയതോ ഒക്കെ പണ്ടേ ഉണ്ടായിരുന്നു..എന്നാൽ 1987ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ ഇത് വ്യവസ്ഥാപിതമാക്കി.യുപി സ്കൂളുകളിലേക്ക് ഉച്ചക്കഞ്ഞി വ്യാപിപ്പിച്ചു.എല്ലാ സ്കൂളിലും അങ്ങനെ കഞ്ഞിപ്പുരകൾ പണിതു.ഉച്ചഭക്ഷണ വിതരണത്തിൽ നിർണായകമായ ചുവടായിരുന്നു നായനാർ സർക്കാർ വച്ചത്. സ്കൂൾ കുട്ടികളുടെ വിശപ്പ് മാറ്റി നായനാർ സർക്കാർ. ആരും വിശന്നു തല തളർന്ന് വീഴാതായി. വിശപ്പ് കൊണ്ടു ആരും പഠനം പാതിവഴിയിൽ നിർത്തി പോകാതായി.കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും,സാമൂഹിക വളർച്ചയിലും ഈ ഉച്ചകഞ്ഞി പരിഷ്കാരം ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതായിരുന്നില്ല.
പക്ഷേ കോൺഗ്രസ്സുകാർ നായനാരെ കളിയാക്കി. നാടു നീളെ നടന്ന് പരിഹാസ മുദ്രാവാക്യം വിളിച്ചു. അതായത്,തൃത്താലയിൽ ഇപ്പോൾ കണ്ട ആ വികൃത മനസ്സ് ഒറ്റപ്പെട്ടതോ,പുതിയതോ അല്ല, തലമുറകളായി ഉള്ളതാണ്.ഒരു തരം ജനിതക രോഗമാണ്.മാറില്ല.അന്ന് കോളാമ്പിയിലൂടെ കോൺഗ്രസ്സ് വിളിച്ചു പറഞ്ഞത്,ഇന്ന് എഫ്ബിയിലൂടെ എന്ന് മാത്രം.
നാട്ടിൻപുറത്താണ് ഞാൻ ജനിച്ചത്.ജോലിക്ക് പോകുന്ന പല കൂലിവേലക്കാരും പലപ്പോഴും പറയുന്നത് കേൾക്കും ‘പച്ചരി വാങ്ങാനാ…”വിശപ്പ് മാറ്റാനാ…..
പച്ചരി,വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷയാണ്. വിശപ്പിന്റെ വിലയും വിഷമവും കോവിഡ് കാലം
എല്ലാവരെയും ഓർമ്മപ്പെടുത്തി.വിശപ്പ് അരികിലുണ്ടായിട്ടും നമ്മളാരും വിശന്ന് മരിക്കാതിരുന്നത് മേല്പറഞ്ഞ ജനിതകരോഗം ബാധിക്കാത്ത ഒരു രാഷ്ട്രീയം കേരളം ഭരിച്ചത് കൊണ്ട് മാത്രമാണ്. 2020 ലെ ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം,ആകെയുള്ള നൂറ്റിഏഴ് രാജ്യങ്ങളിൽ തൊണ്ണൂറിറ്റി നാലാം സ്ഥാനത്താണ്.
രാജ്യത്ത് കോവിഡ് സമയത്ത് വൈറസ് ബാധയിൽ മാത്രമല്ല,വിശന്നും,പോഷകാഹാരം ലഭിക്കാതെയും മരിച്ചവരും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരും നിരവധിയാണ്.എന്നാൽ കേരളം വ്യത്യസ്തമായി.
‘ആരും വിശക്കരുത്’
പ്രിയപ്പെട്ട മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടേയിരുന്നു.
പച്ചരി മാത്രമല്ല,അടുക്കളയ്ക്ക് വേണ്ടത് എല്ലാം വീടുകളിൽ എത്തിച്ചു.സാമൂഹ്യ അടുക്കളകൾ തുടങ്ങി,ജനകീയ ഭക്ഷണ ശാലകൾ തുടങ്ങി,
തെരുവിൽ അലഞ്ഞ അജ്ഞാതരായ സഹജീവികൾക്ക് പോലും നമ്മൾ ഭക്ഷണം വിളമ്പി.
വളർത്തു മൃഗങ്ങളും,തെരുവ് നായകളും പോലും വിശക്കാതെ നോക്കിയ നാടാണ് കേരളം.
രോഗ വ്യാപനത്തെമാത്രമല്ല നമ്മൾ പ്രതിരോധിച്ചത്,വിശപ്പിനെ കൂടിയായിരുന്നു.
ശ്രീ വി ടി ബൽറാമും കോൺഗ്രസ്സ് സൈബർ സംഘവും പരിഹസിക്കുന്ന പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്.
ഒരു സംശയവും വേണ്ട,
കിറ്റ്,വീടിന്റെ വിശപ്പ് മാറ്റിയ ഐശ്വര്യം തന്നെയാ സാറന്മാരെ….
പച്ചരി വിശപ്പ് മാറ്റും.
ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ല.
Discussion about this post