കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖകള്‍ ചമച്ച് ജോലി ചെയ്ത് അറസ്റ്റിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗു (23)ലിന്റെ അമ്മാവന്മാരും അഴിയ്ക്കുള്ളിലാകും.
ഇവരുടെ സഹായത്തോടെയാണ് ഈദ്ഗുല്‍ ഒന്നരവര്‍ഷമായി കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്നത്.
ഇതിനായി അസമില്‍ നിന്ന് അബ്ബാസ് എന്ന പേരില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാര്‍ കാര്‍ഡടക്കം രേഖകള്‍ ഉണ്ടാക്കിക്കൊണ്ടുവന്നു. ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് ഇവര്‍ക്ക് പണിയായത്. ഇവരെ വിശദമായി ചോദ്യംചെയ്യുമെന്ന് സൗത്ത് സിഐ ഫൈസല്‍ പറഞ്ഞു. ഇവരുടെ പേരുകള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അഫ്ഗാനില്‍ നിന്ന് 2018ല്‍ മെഡിക്കല്‍ വീസയില്‍ ഇന്ത്യയില്‍ എത്തിയ ഈദ്ഗുല്‍ മാതാവ് ദലീറോ ബീഗത്തിന്റെ അസമിലെ കുടുംബവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇംഗ്‌ളീഷ് ഉള്‍പ്പെടെ അഞ്ചുഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും.
തന്ത്രപധാന മേഖലയില്‍ പുറംകരാര്‍ ജോലികള്‍ക്കായി തൊഴിലാളികളെ എടുക്കുന്നതില്‍ കപ്പല്‍ശാലയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായാണ് പോലീസിന്റെ വിലയിരുത്തല്‍. കപ്പല്‍ശാലയില്‍ നാവികസേനയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ സുരക്ഷ കര്‍ശനമാണ്.
വിമാനവാഹിനിയില്‍ നിന്ന് 2019 സെപ്തംബര്‍ 17ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയതും വലിയ വിവാദമായതാണ്. രണ്ട് അന്യസംസ്ഥാന പെയിന്റിംഗ് തൊഴിലാളികളെ പിടികൂടുകയുംചെയ്തു. എന്നിട്ടും കരാര്‍ തൊഴിലാളികളുടെ പശ്ചാത്തലം ശരിയായി പരിശോധിക്കുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലിചെയ്തത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്.
കപ്പല്‍ശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് അസം സ്വദേശിയായ അമ്മാവന്‍. ഈദ്ഗുല്ലിനെ ജോലിക്കു കൊണ്ടുവരുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി.
അഫ്ഗാനിസ്ഥാനില്‍ ജോലി ലഭിക്കാതായതോടെയാണ് ഈദ്ഗുല്‍ അസമിലെ അമ്മവീട്ടിലെത്തിയത്. കൊച്ചി കപ്പല്‍ശാലയില്‍ ജോലിചെയ്യുന്ന അമ്മാവനു അസുഖം ബാധിച്ചതോടെ പരിചരിക്കാനായി കൊച്ചിയിലെത്തി. ഇയാള്‍ സുഖപ്പെട്ടപ്പോള്‍ ഇരുവരും ഒരുമിച്ചു കപ്പല്‍ശാലയിലെ കരാറുകാരന്റെ സഹായികളായി ജോലി ചെയ്തുവരികയായിരുന്നു.
Discussion about this post